വിനായകൻ പൊതുശല്യമായി മാറുന്നു, എല്ലാം ചെയ്ത് കഴിഞ്ഞിട്ട് സോറി പറഞ്ഞിട്ട് കാര്യമില്ല: മുഹമ്മദ് ഷിയാസ്

കൊച്ചി: നടൻ വിനായകനെതിരെ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. വിനായകൻ ഒരു പൊതു ശല്യമായി മാറുന്നുവെന്ന് ഷിയാസ് പറഞ്ഞു. സർക്കാർ പിടിച്ചു കെട്ടി കൊണ്ടുപോയി ചികിത്സിക്കണമെന്നും അദ്ദേഹം പറഞ്ഞു. താമസിക്കുന്ന സ്ഥലത്ത് പോലും വിനായകൻ പ്രശ്നമുണ്ടാക്കിയിട്ടുണ്ടെന്നും ഷിയാസ് കൂട്ടിച്ചേർത്തു.
‘ശക്തമായ നിയമ നടപടി സ്വീകരിക്കണം. എല്ലാം ചെയ്തു കഴിഞ്ഞിട്ട് സോറി പറഞ്ഞിട്ട് കാര്യമില്ല. സമൂഹത്തിന് ശല്യമാകുന്നവരെ ജനം തെരുവിൽ നേരിടേണ്ട അവസ്ഥയാകും. ലഹരിക്കേസുകളിൽപ്പെടുന്ന താരങ്ങൾക്ക് വലിയ പരിരക്ഷയാണ് സർക്കാരും പൊതുസമൂഹവും നൽകുന്നത്. അവരെ ആരാധിക്കുന്നവർക്ക് തെറ്റായ സന്ദേശം നൽകും. തനിക്ക് തെറ്റുപറ്റിയതായി വേടൻ ഏറ്റു പറഞ്ഞു. എന്നാൽ എത്രപേർക്ക് അതിന് കഴിയും. സിനിമാ മേഖലയിലുള്ളവർ ഗൗരവമായി ചിന്തിക്കേണ്ടതാണ്’, ഷിയാസ് പറഞ്ഞു.
അടൂർ ഗോപാലകൃഷ്ണനെയും യേശുദാസിനെയും അധിക്ഷേപിച്ച് കൊണ്ട് വിനായകൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. എന്നാൽ ഇന്ന് മാപ്പ് പറഞ്ഞ് വിനായകൻ രംഗത്തെത്തിയിരുന്നു. പിന്നാലെ മാധ്യമങ്ങളെ അധിക്ഷേപിച്ച് വിനായകൻ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദനെയും ഉമ്മൻചാണ്ടിയെയും അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടെന്നാരോപിച്ച് നേരത്തെ വിനായകനെതിരെ പൊലീസിൽ പരാതിയുണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡണ്ട് സിജോ ജോസഫാണ് പരാതി നൽകിയത്.