ബിജെപി കോര്‍കമ്മിറ്റിയില്‍ സ്ത്രീകൾക്ക് അവഗണന; പ്രതിഷേധിച്ച് ടി.പി. സിന്ധുമോൾ

തിരുവനന്തപുരം: ബിജെപി സംസ്ഥാന കോർ കമ്മിറ്റി പുനഃസംഘടനയിൽ വനിതകൾക്ക് പ്രാതിനിധ്യം കുറഞ്ഞെന്ന് വിമർശനം. 22 പേരിൽ ഒരാൾ മാത്രമാണ് വനിത. കോർ കമ്മിറ്റിയിൽ സ്ത്രീകളെ അവഗണിച്ചെന്ന് സിന്ധു മോള് പരാതിപ്പെട്ടു.
മീഡിയ പാനലിസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പിലാണ് സിന്ധു മോളുടെ വിമർശനം. ‘നാരീ തു നാരായണീ’ എന്നാണ് നരേന്ദ്രമോദി പറഞ്ഞിട്ടുള്ളതെന്നും പക്ഷേ 22 പാനലിസ്റ്റുകളിൽ ഒരു വനിതമാത്രമാണുള്ളതെന്നും വാട്സ് ആപ്പ് സന്ദേശത്തിലുണ്ട്. 21 നാരായണന്മാരും ഒരു നാരായണിയും മതിയെന്നുള്ള തീരുമാനം എടുത്തിട്ടുണ്ട്. പുരുഷന്മാർ പൊതുവേ അബലന്മാർ ആയതാവും നാരായണന്മാരുടെ എണ്ണം കൂടാനുള്ള കാരണമെന്നും സിന്ധു പരിഹസിച്ചു. പുതിയ ഭാരവാഹി പട്ടിക പ്രഖാപിച്ചതിന് പിന്നാലെ ബിജെപിയിൽ കടുത്ത വിമർശനങ്ങൾ വന്നുകൊണ്ടിരിക്കുന്നതിനിടെയാണ് സിന്ധുമോളും രംഗത്തുവരുന്നത്. അതേസമയം സംസ്ഥാന നേതൃത്വം ഇതില്‍ പ്രതികരിച്ചിട്ടില്ല.