ഒഡീഷയിലും തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപണം;അഞ്ച് മുതല്‍ ഒമ്പത് മണി വരെ വോട്ട് ചെയ്തത് 42 ലക്ഷം പേര്

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നെന്ന് ആരോപിച്ച് ഒഡിഷ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് ദിവസം വൈകുന്നേരം അഞ്ച് മണി മുതല്‍ ഒമ്പത് മണി വരെ വോട്ട് ചെയ്തത് 42 ലക്ഷം പേരാണെന്നും സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഭക്തചരണ്‍ ദാസ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
വൈകുന്നേരം ഇത്രയും വലിയ അളവില്‍ ജനങ്ങള്‍ എങ്ങനെയാണ് വോട്ട് ചെയ്യാനെത്തുകയെന്നും അദ്ദേഹം ചോദിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെഡിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിയാഞ്ഞതിലും അദ്ദേഹം ചോദ്യങ്ങള്‍ ഉന്നയിച്ചു.
നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെഡി 51 സീറ്റുകളില്‍ വിജയിച്ചു. പക്ഷെ ഒരു ലോക്സഭാ മണ്ഡലത്തില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ല. ചില ലോക്സഭ മണ്ഡലങ്ങളിലെ അഞ്ചോ ആറോ നിയമസഭ മണ്ഡലങ്ങളില്‍ ബിജെഡി സ്ഥാനാര്‍ത്ഥിക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ അവര്‍ക്കൊന്നും എംപിമാരാകാന്‍ കഴിഞ്ഞില്ല. എങ്ങനെയാണിതെന്നും ഭക്തചരണ്‍ ദാസ് ചോദിച്ചു. കോണ്‍ഗ്രസ് സംസ്ഥാനത്ത് ഒരു ലോക്സഭാ മണ്ഡലത്തിലാണ് വിജയിച്ചത്.
തിങ്കളാഴ്ച സംസ്ഥാനത്തെ ഓരോ ജില്ലയിലും കോണ്‍ഗ്രസ് വാര്‍ത്താ സമ്മേളനം നടത്തും. എങ്ങനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ട് മോഷണം നടത്തി ജനങ്ങളെ വഞ്ചിച്ചതെന്നും ബിജെപിക്ക് അധികാരം വാങ്ങിക്കൊടുത്തതെന്നുമെന്നും ജനങ്ങളോട് പറയുമെന്നും ഭക്തചരണ്‍ ദാസ് പറഞ്ഞു. അതേ സമയം ബിജെപി കോണ്‍ഗ്രസ് ആരോപണങ്ങള്‍ തള്ളി. തെളിവുകളും രേഖകളും ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കോടതിയില്‍ നേരിടണമെന്നാണ് ബിജെപിയുടെ പ്രതികരണം.