അല്ലു അർജുൻ മാസ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് തർക്കം

Allu mask

മുംബൈ: തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ മുംബൈ വിമാനത്താവളത്തിൽ വെച്ച് ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനുമായി തർക്കിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥൻ മുഖം തിരിച്ചറിയുന്നതിനായി മാസ്കും സൺഗ്ലാസും മാറ്റാൻ ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്.
മാസ്ക്ക് മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ ആദ്യം മടിച്ചുനിന്ന നടൻ പിന്നീട് ഉദ്യോഗസ്ഥരുമായി സംസാരിച്ചതിന് ശേഷം മാസ്ക് മാറ്റി മുഖം കാണിക്കുകയായിരുന്നു. റെഡ്ഡിറ്റിൽ വൈറലായ വീഡിയോയ്ക്ക് താഴെ അല്ലു അർജുനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നുവന്നത്. സുരക്ഷാ പരിശോധനകളോട് സഹകരിക്കാൻ മടികാണിച്ച താരത്തിന്റെ നടപടി തീർത്തും തെറ്റായിരുന്നുവെന്നാണ് സോഷ്യൽമീഡിയയിൽ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്.

വെള്ള ടീഷർട്ടും കറുത്ത ട്രാക്ക് പാന്റ്‌സും ധരിച്ച് മുംബൈ വിമാനത്താവളത്തിലെ എൻട്രൻസിലേക്ക് നടന്നുനീങ്ങുന്ന അല്ലു അർജുനാണ് വീഡിയോയിലുള്ളത്. സുരക്ഷാ പരിശോധനയുടെ ഭാഗമായി താരം തന്റെ ഐഡി പ്രൂഫ് ഉദ്യോഗസ്ഥന് കൈമാറി. ഇതിനുശേഷം ഉദ്യോഗസ്ഥൻ സൺഗ്ലാസും മാസ്കും മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ താരം മടി കാണിക്കുകയും ഇരുവരും തമ്മിൽ സംസാരിക്കുന്നതും വീഡിയോയിൽ കാണാം. താരത്തിന്റെ കൂടെയുണ്ടായിരുന്ന ഒരാളും ഉദ്യോഗസ്ഥനുമായി സംസാരിക്കുന്നുണ്ട്. കുറച്ചുനേരത്തെ സംസാരത്തിന് ശേഷം അല്ലു അർജുൻ സൺഗ്ലാസും മാസ്കും മാറ്റുകയും മുഖം കാണിക്കുകയും ചെയ്തു. പെട്ടെന്ന് തന്നെ മാസ്ക് തിരികെ വെച്ചതിന് ശേഷം അദ്ദേഹം അകത്തേക്ക് കടന്നുപോവുകയായിരുന്നു.

വീഡിയോ റെഡ്ഡിറ്റിൽ വൈറലായതോടെ അല്ലു അർജനുനെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയർന്നുവന്നത്. “മാസ്ക് മാറ്റാൻ ഇത്ര അഹങ്കാരം എന്തിനാണ്? സെലിബ്രിറ്റി സ്റ്റാറ്റസ് കാരണം ഇവർ സ്വയം ദൈവങ്ങളായി കരുതുന്നു,” “മുഖം കാണിക്കാൻ ആവശ്യപ്പെടാൻ സിഐഎസ്എഫ് ഉദ്യോഗസ്ഥന് നൂറു ശതമാനം അവകാശമുണ്ട്,” “സാധാരണ ജനങ്ങൾ ഇവരെ ആരാധിക്കുമ്പോൾ, അവർ മറ്റുള്ളവരെ തങ്ങൾക്ക് താഴെയായി കാണുന്നതിൽ അത്ഭുതമില്ല,” മറ്റൊരു കമന്റിൽ പറയുന്നു. “പുഷ്പ ഝുക് ഗയാ ലോൾ,” എന്ന് ‘പുഷ്പ’ സിനിമയിലെ ഡയലോഗ് പരാമർശിച്ചുകൊണ്ടുള്ള കമന്റ് ഇത്തരത്തിൽ കമന്റുകൾ നിറയുകയാണ് പോസ്റ്റിന് കീഴിൽ.

error: Content is protected !!