ഓണ്‍ലൈന്‍ മദ്യവില്പന: ബെവ്കോ ശുപാര്‍ശ സര്‍ക്കാര്‍ തള്ളിയേക്കും
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് വിവാദ ഓണ്‍ലൈനായി മദ്യവില്പന ആരംഭിക്കാനുള്ള ബെവ്കോ ശുപാര്‍ശ സര്‍ക്കാര്‍ തള്ളിയേക്കും. തെരഞ്ഞെടുപ്പ് ബന്ധപ്പെട്ട് ഇനി വിവാദം വേണ്ടെന്നാണ് സിപിഎം നിലപാട്. പാര്‍ട്ടി തീരുമാനം എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിനെ അറിയിച്ചു. പദ്ധതിയുമായി മുന്നോട്ട് പോയാല്‍ പ്രതിപക്ഷത്തിനൊപ്പം ക്രിസ്ത്യന്‍, മുസ്ലിം സംഘടനകളും എതിര്‍പ്പ് ഉയര്‍ത്തിയേക്കുമെന്ന ആശങ്കയിലാണ് പാര്‍ട്ടി.
ഓണ്‍ലൈന്‍ മദ്യം അനുവദിച്ചാല്‍ 500 കോടി കൂടി അധികവരുമാനം ഉണ്ടാകുമെന്ന ആകര്‍ഷകമായ ഓഫറാണ് ബെവ്കോ സര്‍ക്കാരിന് മുന്നില്‍ വച്ചത്. ബിവറേജിനു മുന്നിലുള്ള തിരക്കുകള്‍ ഒഴിവാക്കാന്‍ കഴിയുമെന്ന വിലയിരുത്തലും ഉണ്ടായിരുന്നു. എന്നാല്‍ തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുന്ന ഘട്ടത്തില്‍ ബെവ്കോയുടെ ഓഫര്‍ സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സര്‍ക്കാരിന്.
ഓണ്‍ലൈന്‍ മദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട് 10 ദിവസത്തിനുള്ളില്‍ ആപ്പ് വികസിപ്പിക്കുമെന്നാണ് ബെവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരി പ്രതികരിച്ചത്. മൂന്ന് വര്‍ഷമായി ഇക്കാര്യം സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുന്നുണ്ട്. അനുകൂല തീരുമാനം ഉണ്ടായാല്‍ വാതില്‍പ്പടി മദ്യവിതരണം ആരംഭിക്കും. 23 വയസ്സ് പൂര്‍ത്തിയായവര്‍ക്കു മാത്രം മദ്യം നല്‍കാനാണ് ശുപാര്‍ശയെന്നും ഹര്‍ഷിത അട്ടല്ലൂരി വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നയം എക്സൈസ് മന്ത്രിയായ താന്‍ പറഞ്ഞുകഴിഞ്ഞെന്നും അതിന് മുകളില്‍ മറ്റൊരു ഉദ്യോഗസ്ഥന് ഇല്ലെന്നുമാണ് എം ബി രാജേഷ് പ്രതികരിച്ചത്.