വെജിറ്റബിൾ സൂപ്പ്

നാടെങ്ങും കനത്ത മഴയും തണുപ്പും അസുഖങ്ങളും. ഈ സമയത്ത് ചൂടുള്ളതും രുചികരവും ആരോഗ്യത്തിന് ഏറ്റവും ഗുണകരവുമായ വെജിറ്റബിൾ സൂപ്പ് തയ്യാറാക്കിയാലോ. വീട്ടിലേവർക്കും കുഞ്ഞുങ്ങൾക്കും തീർച്ചയായും ഈ രുചികരമായ സൂപ്പ് ഇഷ്ടപ്പെടും. ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ:
സവാള – 1 (ചെറുതായി അരിഞ്ഞത്)
കാരറ്റ് – 1 (ചെറുതായി അരിഞ്ഞത്)
ബീൻസ് – 1/2 കപ്പ് (ചെറുതായി അരിഞ്ഞത്)
കാബേജ് – 1/2 കപ്പ് (ചെറുതായി അരിഞ്ഞത്)
ഉരുളക്കിഴങ്ങ് – 1 (ചെറുതായി അരിഞ്ഞത്)
ഇഞ്ചി – 1 ചെറിയ കഷ്ണം (ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി – 2 അല്ലി (ചെറുതായി അരിഞ്ഞത്)
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
കോൺഫ്ലവർ : 2 ടേബിൾ സ്പൂൺ (1 ഗ്ലാസ് വെള്ളത്തിൽ തരിയില്ലാതെ കലക്കി വയ്ക്കുക)
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 1 ടേബിൾസ്പൂൺ
മല്ലിയില – അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം:
ഒരു ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. ഇഞ്ചി, വെളുത്തുള്ളി എന്നിവ വഴറ്റി അതിലേക്ക് കട്ട് ചെയ്തുവെച്ച സവാള ചേർത്ത് വഴറ്റുക. സവാള ഒന്ന് വഴന്നു വന്നാൽ കാരറ്റ്, ബീൻസ്, കാബേജ്, ഉരുളക്കിഴങ്ങ് എന്നിവ ചേർത്ത് വഴറ്റുക. ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ഇളക്കുക. കുരുമുളക് പൊടി വിതറുക. അടച്ച് വെച്ച് പച്ചക്കറികൾ വേവുന്നത് വരെ വേവിക്കുക. വെന്ത് വന്നാൽ കോൺഫ്ലവർ കലക്കിയതും ചേർക്കുക (കോൺഫ്ലവർ ചേർത്താൽ പെട്ടന്ന് കട്ടിപിടിക്കാനും അടിപിടിക്കാനും സാധ്യത ഉള്ളതിനാൽ തീ കുറച്ച് തുടരെ ഇളക്കികൊണ്ടിരിക്കണം – കോൺഫ്ലവർ ഒപ്ഷണൽ ആണ്, ആവശ്യമെങ്കിൽ മാത്രം ചേർത്താൽ മതി). ശേഷം മല്ലിയില കൊണ്ട് അലങ്കരിച്ച് ചൂടോടെ വിളമ്പുക.
ഈ രീതിയിൽ എളുപ്പത്തിൽ വെജിറ്റബിൾ സൂപ്പ് തയ്യാറാക്കാം.