സാർവദേശീയ സാഹിത്യോത്സവത്തിന് തിരിതെളിഞ്ഞു

WhatsApp Image 2025-08-17 at 5.27.28 PM

ലോകത്തിനു മുന്നിൽ കേരളം മുന്നോട്ട് വയ്ക്കുന്ന മതനിരപേക്ഷ ബദലാണ് സാർവദേശീയ സാഹിത്യോത്സവം: മന്ത്രി കെ. രാജൻ

കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാർവദേശീയ സാഹിത്യോത്സവത്തിന് സാഹിത്യകാരൻ വൈശാഖൻ പതാക ഉയർത്തിക്കൊണ്ട് തുടക്കം കുറിച്ചു. സാഹിത്യ അക്കാദമിയിൽ നടന്ന ചടങ്ങിൽ സർവ്വദേശീയ സാഹിത്യോത്സവം ഐ എൽ എഫ് കെ രണ്ടാം പതിപ്പ് റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു. സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിന് കേരള സാഹിത്യ അക്കാദമി എം.ടി ഓഡിറ്റോറിയം എന്ന് പേരിടലും മന്ത്രി നിർവഹിച്ചു.

നുണകൾ പ്രചരിപ്പിക്കുകയും നുണകൾ ഉപയോഗിച്ചുകൊണ്ട് സാഹിത്യ സൃഷ്ടി നടത്തുകയും അതിനെ സ്ഥാപിക്കുകയും ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്ന അന്തരീക്ഷത്തിൽ ലോകത്തിനു മുന്നിൽ കേരളത്തിന് മുന്നോട്ട് വെക്കാനുള്ള ഒരു മതനിരപേക്ഷ ബദലാണ് സാർവ്വദേശീയ സാഹിത്യോത്സവമെന്ന് റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

കേരളത്തിന്റെ അതിസമ്പന്നമായ സംസ്കാരികത മന: പൂർവ്വം തിരസ്കരിക്കപ്പെടുന്നു എന്നത് കൂടി നാം തിരിച്ചറിയേണ്ട ഘട്ടമാണിത്. നാടിന്റെ സാംസ്കാരിക മുന്നേറ്റങ്ങളെ തകർക്കാൻ അസത്യജടിലവും വികലവുമായ സിനിമകൾ പോലും പടച്ചുവിടുന്ന അതിഭീകരമായിട്ടുള്ള പരിശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഈ സാഹിത്യോത്സവത്തെ ഏറ്റവും സമ്പന്നമാക്കുന്ന ചടങ്ങാണ് സാഹിത്യ അക്കാദമിയുടെ ഓഡിറ്റോറിയത്തിന് രണ്ടാമൂഴത്തിന്റെയും കാലത്തിന്റെയും നാലുകെട്ടിന്റെയും എല്ലാം പ്രിയങ്കരനായ എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ പേരിൽ സമർപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഫെസ്റ്റിവൽ ബുക്ക് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനും ഫെസ്റ്റിവൽ ബുള്ളറ്റിൻ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ കേരള ലളിതകലാ അക്കാദമി ചെയർപേഴ്‌സൺ മുരളി ചീരോത്തിനും നൽകി പ്രകാശനം ചെയ്തു.

ചടങ്ങിൽ പി. ബാലചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് മുഖ്യാതിഥിയായി. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ ഫെസ്റ്റിവൽ പരിപ്രേക്ഷ്യം അവതരിപ്പിച്ചു. കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സൺ മട്ടന്നൂർ ശങ്കരൻകുട്ടി, നേപ്പാൾ സാഹിത്യകാരൻമാരായ ഭുവൻ തപാലിയ, അമർ ആകാശ്, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി, അക്കാദമി ജനറൽ കൗൺസിൽ അംഗം വിജയരാജമല്ലിക തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ സ്വാഗതവും കേരള സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗം വി.എസ്. ബിന്ദു നന്ദിയും പറഞ്ഞു.

ഓഗസ്റ്റ് 21 വരെ കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന സാർവദേശീയ സാഹിത്യോത്സവത്തിൽ കലാസാംസ്കാരികപരിപാടികളടക്കം എഴുപതോളം സെഷനുകളാണ് ക്രമീകരിച്ചിട്ടുള്ളത്. സംവാദങ്ങള്‍, പ്രഭാഷണങ്ങള്‍, കുട്ടികളുടെ സാഹിത്യോത്സവം, കലാപരിപാടികള്‍, നാടകം തുടങ്ങി മൂന്നു വേദികളിലായി വിവിധ പരിപാടികള്‍ അരങ്ങേറും.

error: Content is protected !!