യൂത്ത് കോണ്‍ഗ്രസ്സുകാരുടെ മാധ്യമവേട്ട ജനാധിപത്യത്തോടുള്ള വെല്ലുവിളി: സിപിഐ

തൃശൂര്‍:- മാധ്യമസ്ഥാപനങ്ങള്‍ക്കുനേരെ അക്രമം അഴിച്ചുവിടുന്ന യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ഇന്ത്യന്‍ ജനാധിപത്യത്തെയാണ് വെല്ലുവിളിക്കുന്നതെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദന്‍ പ്രസ്താവിച്ചു. ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വാര്‍ത്തകള്‍ നല്‍കിയതിന്റെ പേരിലാണ് സംസ്ഥാനവ്യാപകമായി റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഫീസുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുംനേരെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ അക്രമം അഴിച്ചുവിടുന്നത്. ഇത് ഒരുകാരണവശാലും ന്യായീകരിക്കാന്‍ കഴിയില്ല. കെ പി സി സി നേതൃത്വം അക്രമകാരികളായ യൂത്ത് കോണ്‍ഗ്രസ്സുകാരെ നിലയ്ക്കുനിര്‍ത്താന്‍ തയ്യാറാകണം.
ആരോപണവിധേയന്‍ തന്റെ ഭാഗം ന്യായീകരിക്കുന്നതിനുവേണ്ടി ഉപജാപങ്ങള്‍ നടത്തുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. വാര്‍ത്തകള്‍ പൊതുസമൂഹത്തെ അറിയിക്കുക എന്ന ഉത്തരവാദിത്തം നിറവേറ്റുന്ന മാധ്യമസ്ഥാപനങ്ങള്‍ക്കുനേരെ ആക്രമണങ്ങള്‍ അഴിച്ചുവിടുകയും മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയും ചെയ്ത യൂത്ത് കോണ്‍ഗ്രസ്സ് ക്രിമിനലുകളെ നിയമത്തിന്റെ മുന്നില്‍കൊണ്ടുവരണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും സിപിഐ ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
ആക്രമണത്തിന് വിധേയമായ തൃശൂരിലെ റിപ്പോര്‍ട്ടര്‍ ടി വി ഓഫീസില്‍ സിപിഐ നേതാക്കളായ കെ കെ വത്സരാജ്, അഡ്വ. വി എസ് സുനില്‍കുമാര്‍, ടി കെ സുധീഷ്, കെ പി സന്ദീപ്, കെ കെ രാജേന്ദ്ര ബാബു, എ ഐ എസ് എഫ് നേതാവ് അർജ്ജുൻ മുരളീധരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തി. ചാനലിൻ്റെ ന്യൂസ് റിപ്പോർട്ടർ ജെയ്സൺ ചാമവളപ്പിൽ, സ്ഥാപനത്തിലെ ജീവനക്കാർ എന്നിവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.