പ്രഥമ കേരള ആയുഷ് കായകല്പ് പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു

തൃശൂർ: പ്രഥമ കേരള ആയുഷ് കായകല്പ് പുരസ്ക്കാരങ്ങൾ ആരോഗ്യ മന്ത്രി വീണ ജോർജ് വിതരണം ചെയ്തു. ഹോമിയോപ്പതി വകുപ്പ് ജില്ലാ വിഭാഗത്തിൽ 99.17 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തൃശൂർ ജില്ലാ ഹോമിയോപ്പതി ആശുപത്രി 10 ലക്ഷം രൂപ അവാർഡ് തുകയായി മന്ത്രിയിൽ നിന്ന് സ്വീകരിച്ചു.
ഐഎസ്എം സബ് ജില്ലാ ആശുപത്രി വിഭാഗത്തിൽ 95.09 ശതമാനം മാർക്ക് നേടിയ ചേലക്കര ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ ഒരു ലക്ഷം രൂപയുടെ കമൻഡേഷൻ അവാർഡു നേടി. ഐ എസ് എം, ഹോമിയോപ്പതി വകുപ്പുകളിൽ ജില്ലാ അടിസ്ഥാനത്തിൽ 98. 33 ശതമാനം മാർക്കിൽ കയ്പ്പമംഗലം ആയുർവേദ ഡിസ്പെൻസറിയും 99.58 ശതമാനം മാർക്ക് നേടി ഗവ. അയ്യന്തോൾ ഹോമിയോപതി ഡിസ്പെൻസറിയും ഒന്നാം സ്ഥാനം നേടി. ഒരു ലക്ഷം രൂപ വീതമാണ് അവാർഡ് തുകയായി ലഭിക്കുക. കൂടാതെ ചൊവ്വന്നൂർ, വെള്ളാങ്ങല്ലൂർ, കാടുകുറ്റി, കോലഴി, പുത്തൂർ, കൈപ്പറമ്പ് എന്നിവിടങ്ങളിലെ ഡിസ്പെൻസറിളും ഇതേ വിഭാഗത്തിൽ 30,000 രൂപയുടെ കമൻഡേഷൻ അവാർഡുകൾ കരസ്ഥമാക്കി.
തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ആയുഷ് സ്ഥാപനങ്ങളെ മെച്ചപ്പെടുത്തുന്നതിനും ജന സൗഹൃദമാക്കുന്നതിനുമുള്ള അംഗീകാരമാണ് കായകല്പ് അവാര്‍ഡ്. ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് കൂടിയാണ് ഈ പുരസ്കാരം. ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച 132 ആയുഷ് സ്ഥാപനങ്ങള്‍ക്കാണ് അവാര്‍ഡ് നല്കിയത്.
തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്,
ഡി.എം.ഒ ഡോ. ലീനാ റാണി, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വി.വി.ബിനി, ജില്ലാ ആശുപത്രി സുപ്രണ്ട് ഡോ. സുജാത, ഡി പി എം ഡോ. ആര്യ, ജില്ലാ നോഡൽ ഓഫീസർ ഡോ. ജിൻ്റോ, നാഷണൽ ആയുഷ് മിഷൻ ഫെസിലിറ്റേറ്റർ ഡോ. കിരൺ, ഡോക്ടർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.