എം എൽ എ മാതൃക: കൊടുങ്ങല്ലൂർ നഗര ഹൃദയത്തിൽ 12 ഭവന രഹിത കുടുംബങ്ങളുടെ സ്വപ്ന സൗധം

തൃശൂർ: 2025 മാർച്ചിൽ കൊടുങ്ങല്ലൂരിന്റെ നഗര ചരിത്രത്തിലേക്ക് ചേർന്നുനിന്ന ഒരു സംഭവമായിരുന്നു കാവിൽക്കടവ് ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം. വർഷങ്ങളോളം കാവിൽക്കടവിലെ ലാൻഡിംഗ് പ്ലെയിസിൽ താമസിച്ചിരുന്ന ഭൂരഹിതരായ 12 കുടുംബങ്ങൾക്കായിരുന്നു ആ ദിനം ജീവിതത്തിലെ പ്രധാന ദിവസമായത്.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് ഇത്തരം ഫ്ലാറ്റ് സമുച്ചയം ഒരുക്കിയത് സംസ്ഥാനത്ത് ആദ്യമാണ്. വി.ആർ. സുനിൽകുമാർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 155 ലക്ഷം രൂപ ചെലവഴിച്ചാണ് ഫ്ലാറ്റ് സമുച്ചയം നിർമ്മിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറിയപ്പോൾ, അവരുടെ ജീവിതത്തിലെ വർണ്ണപ്പകിട്ടേറിയ ഒരദ്ധ്യായത്തിനാണ് തുടക്കമായി.
8800 ചതുരശ്ര അടി വിസ്തൃതിയിൽ രണ്ടുനിലകളിലായി ഉയർന്ന ഫ്ലാറ്റുകളിൽ ഓരോ കുടുംബത്തിനും ഏകദേശം 615 ചതുരശ്ര അടിയിൽ സിറ്റ് ഔട്ട്, മൾട്ടി പർപ്പസ് ഹാൾ, രണ്ട് ബെഡ് റൂമുകൾ, അടുക്കള, വർക്ക് ഏരിയ, ബാത്ത് റൂം, ടോയ്ലറ്റ് എന്നിവ ഉൾക്കൊള്ളുന്ന സുരക്ഷിതമായും അഭിമാനത്തോടെയും ജീവിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാണ്.
“സ്വന്തമായൊരു വീട് വളരെ വർഷങ്ങളായുള്ള സ്വപ്നമായിരുന്നു. വളരെയധികം പ്രയാസങ്ങൾ സഹിച്ചാണ് ഇന്നിവിടെ എത്തിയത്. ഇന്ന് സ്വന്തമായ വീട്ടിലേക്കു കടക്കുമ്പോൾ, ആ എല്ലാ കഷ്ടപ്പാടുകളും വിജയമായി തോന്നുന്നു” ഗുണഭോക്താക്കളിൽ ഒരാളായ മായ പറഞ്ഞു.
സ്വന്തമായി വീടെന്ന സ്വപ്നം സാക്ഷാത്കാരമായ ദിവസമായി മാത്രമല്ല സ്വീകാര്യത, ആത്മാഭിമാനം, സുരക്ഷിതമായ ഭാവി എന്നിവയും സമ്മാനിച്ച ദിനമായിട്ടാണ് ഫ്ലാറ്റ് ലഭിച്ച ദിവസത്തെ കാവിൽക്കടവ് ഫ്ലാറ്റ് സമുച്ചയത്തിലെ നിവാസികൾ ഓർക്കുന്നത്. വീടിന്റെ താക്കോൽ കൈയിലെത്തിയപ്പോൾ ഏത് പ്രതിസന്ധിഘട്ടങ്ങളിലും സർക്കാർ ജനങ്ങളോടൊപ്പമുണ്ടാകും എന്ന ഉറപ്പാണ് അവരിൽ വേരുറച്ചത്.