സിപിഐ സംസ്ഥാന സമ്മേളനം:പതാക ജാഥയ്ക്ക് നാളെ 5 മണിക്ക് തൃശൂരില്‍ സ്വീകരണം

തൃശൂര്‍:- സെപ്തംബര്‍ 9 മുതല്‍ 12 വരെ ആലപ്പുഴയില്‍ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ത്തുന്നതിനുള്ള പതാകയും വഹിച്ചുകൊണ്ടുള്ള ജാഥയ്ക്ക് നാളെ തൃശൂര്‍ ജില്ലയില്‍ രണ്ട് കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. കയ്യൂരില്‍ നിന്നാരംഭിച്ച പതാക ജാഥയുടെ ക്യാപ്റ്റന്‍ കെ പി രാജേന്ദ്രനാണ്. ദീപ്തി അജയകുമാര്‍ വൈസ് ക്യാപ്റ്റനും ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഡയറക്ടറുമായ ജാഥയില്‍ അജിത് കൊളാടി, സി പി ഷൈജന്‍, പി കബീര്‍, ഇ എം സതീശന്‍, എം കുമാരന്‍ എന്നിവര്‍ അംഗങ്ങളാണ്.
ജില്ലാ അതിര്‍ത്തിയായ ചെറുതുരുത്തിയില്‍ വെച്ച് ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് ജാഥയെ സ്വീകരിച്ച് വടക്കാഞ്ചേരിയിലെ സ്വീകരണകേന്ദ്രത്തില്‍ എത്തിക്കും. വടക്കാഞ്ചേരിയിലെ സ്വീകരണച്ചടങ്ങിനുശേഷം തൃശൂര്‍ നഗരത്തിലേക്ക് ജാഥ പുറപ്പെടും. ശക്തന്‍ നഗര്‍ ബസ് സ്റ്റാന്റ് പരിസരത്തെ ഇ.എം.എസ് സ്‌ക്വയറിലാണ് ജാഥയ്ക്ക് സ്വീകരണം ഒരുക്കിയിട്ടുള്ളത്. ആയിരക്കണക്കിന് റെഡ് വളണ്ടിയര്‍മാരുടെയും നൂറില്‍പരം കാറുകളുടെയും അകമ്പടിയോടെയാണ് ജില്ലയില്‍ ജാഥ പ്രയാണം നടത്തുന്നത്.
സിപിഐ സംസ്ഥാന എക്‌സി.അംഗങ്ങളായ സി എന്‍ ജയദേവന്‍, കെ രാജന്‍, രാജാജി മാത്യു തോമസ്, ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ കെ വത്സരാജ്, അഡ്വ. വി എസ് സുനില്‍കുമാര്‍, അഡ്വ. ടി ആര്‍ രമേഷ്‌കുമാര്‍, പി ബാലചന്ദ്രന്‍ എംഎല്‍എ, വി എസ് പ്രിന്‍സ്, ഷീല വിജയകുമാര്‍, ഷീന പറയങ്ങാട്ടിൽ, കെ പി സന്ദീപ്, രാഗേഷ് കണിയാംപറമ്പില്‍ തുടങ്ങിയവര്‍ ജാഥാ സ്വീകരണ പരിപാടികളില്‍ പ്രസംഗിക്കും. പാര്‍ട്ടിയുടെയും വര്‍ഗ്ഗ ബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ ജാഥാ ക്യാപ്റ്റനെ ഹാരമണിയിച്ച് സ്വീകരിക്കും. തൃശൂരിലെ സ്വീകരണത്തിനുശേഷം ജാഥ എറണാകുളം ജില്ലയില്‍ പ്രവേശിക്കും.