റോഡ്പണി ഇഴയുന്നു… വാഹനങ്ങളും;പുഴയ്ക്കൽ റോഡിലെ ദുരിതയാത്രയിൽ വലഞ്ഞ് യാത്രക്കാർ

തൃശൂർ: കുറ്റിപ്പുറം സംസ്ഥാനപാതയില്‍ പുഴയ്ക്കലില്‍ റോഡ് നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതിനാല്‍ യാത്രാക്ലേശം രൂക്ഷം. മഴക്കാലത്തെ യാത്രാദുരിതത്തിന് അറുതിവരുമെന്ന് കരുതിയ ജനങ്ങൾ ഓണത്തിരക്കിന്റെ ദുരിതത്തിലും ഇഴയുന്നു. നഗരത്തിലേക്ക് പ്രവേശിക്കാനുള്ള ബദല്‍ പാതയായ മുണ്ടൂർ-വിയ്യൂർ റോഡിലെ നിർമ്മാണ പ്രവൃത്തികളും ഒരേ സമയത്തായതും നിർമ്മാണം ഇഴയുന്നതിനാലും ഈ വഴിയുള്ള യാത്ര ജനങ്ങളെ വലയ്ക്കുകയാണ്.
നിത്യേന ജോലിസംബന്ധമായും പഠനാവശ്യങ്ങൾക്കായും നഗരം വഴി കടന്നുപോകുന്ന വാഹനങ്ങൾ മണിക്കൂറുകളോളം തന്നെ നിരത്തിൽ നിരങ്ങി നീങ്ങുകയാണ്. ഓണം പ്രമാണിച്ച് വിവിധ ആവശ്യങ്ങളിലേക്കായി വാഹനത്തില്‍ കയറുന്നവരും പുഴയ്ക്കല്‍ ഭാഗത്തെ കുരുക്കില്‍ ഒന്നും രണ്ടും മണിക്കൂറാണ് കാത്തുകിടക്കേണ്ടി വരുന്നത്. മാത്രമല്ല, ആംബുലൻസ് സർവ്വീസുകളുടെ നില പരുങ്ങലിലാണ്.
നിലവില്‍ മുണ്ടൂർ-വിയ്യൂർ റോഡില്‍ കൊളങ്ങാട്ടുകര കമ്പിപ്പാലത്തിന്റെ നിർമ്മാണവും, കുറ്റൂരിലെ കട്ട വിരിക്കല്‍ പ്രവൃത്തിയും പുഴയ്ക്കല്‍ ഭാഗത്തെ റോഡ് നിർമ്മാണവും ഒരേസമയത്തായതാണ് യാത്രക്ലേശം കൂടുതൽ ദുരിതത്തിലാകാൻ കാരണം. ചെറിയ വാഹനങ്ങൾക്കുപോലും അതുവഴി കടന്നുപോകാനാവാത്ത അവസ്ഥ. ഇതുമൂലം രണ്ട് ഭാഗത്തെ റോഡുകളിലും മിക്കപ്പോഴും നീണ്ട വാഹനനിരയാണ്. പുഴയ്ക്കല്‍ ശോഭാ സിറ്റിക്ക് മുൻഭാഗത്തെ പാലത്തിന്റെ നിർമ്മാണത്തിനുള്ള പ്രാഥമിക പ്രവർത്തനങ്ങള്‍ മാത്രമാണ് ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ നിർമ്മാണം കഴിയാൻ മാസങ്ങളെടുക്കുമെന്നാണ് കരുതുന്നത്. അതിന് ശേഷം മാത്രമേ ആ ഭാഗത്ത് റോഡ് നിർമ്മാണം നടത്താൻ കഴിയൂ.
പുഴയ്ക്കല്‍ ഭാഗത്തുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ബദല്‍ സംവിധാനം എന്ന നിലയ്ക്ക് മറ്റു ചെറു റോഡുകളുടെ അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തില്‍ പൂർത്തീകരിക്കണം. അതുവഴി വണ്‍വേ സംവിധാനം ഏർപ്പെടുത്തി പുഴയ്ക്കല്‍ ഭാഗത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കണം. പാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ കുന്നംകുളം നിയോജക മണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു. യോഗത്തില്‍ ടി.കെ.മനോജ് കുമാർ അധ്യക്ഷനായിരുന്നു. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ.കെ.വത്സരാജ്, കെ.പി.സന്ദീപ്, മണ്ഡലം സെക്രട്ടറി പ്രേംരാജ് ചൂണ്ടലാത്ത്, ജില്ലാ കൗണ്‍സില്‍ അംഗം കെ.ടി.ഷാജൻ എന്നിവർ സംസാരിച്ചു.