മുണ്ടൂർ – പുറ്റേക്കര നാലുവരിപാത: ഭൂമി ഏറ്റെടുക്കലിന് 25.57 കോടി രൂപ അനുവദിച്ചു

തൃശൂർ – കുറ്റിപ്പുറം സംസ്ഥാനപാതയിൽ മുണ്ടൂർ മുതൽ പുറ്റേക്കര വരെയുള്ള 1.8 കിലോമീറ്റർ ദൂരം കുപ്പിക്കഴുത്ത് പരിഹരിച്ച് നാലുവരി പാതയാക്കി വികസിപ്പിക്കുന്നതിന് ഭൂമി ഏറ്റെടുക്കാൻ 25 കോടി 57 ലക്ഷം രൂപ ധനകാര്യ മന്ത്രി കെ. എൻ ബാലഗോപാൽ അനുവദിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. ഭൂമിയുടെ വില, കെട്ടിടങ്ങളുടെയും ഫലവൃക്ഷങ്ങളുടെയും വില, പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള തുക ഉൾപ്പെടെ ആകെ 25 കോടി 57 ലക്ഷം രൂപയാണ് നഷ്ടപരിഹാര തുകയായി അനുവദിച്ചത്. ഈ തുക പൊതുമരാമത്ത് വകുപ്പ് റവന്യു വകുപ്പിന് കൈമാറുന്നതോടെ 19(1) വിജ്ഞാപനം പുറപ്പെടുവിച്ച് ഭൂമിയേറ്റെടുക്കലിന്റെ അന്തിമ നടപടികളിലേക്ക് കടക്കാനാകുമെന്ന് എംഎൽഎ വ്യക്തമാക്കി.
177 സെൻ്റ് ഭൂമിയാണ് കുപ്പിക്കഴുത്ത് പരിഹരിച്ച് നാലുവരിപ്പാത നിർമ്മിക്കുന്നതിനായി ഏറ്റെടുക്കുന്നത്. സെൻ്റിന് ഏകദേശം 5.5 ലക്ഷം രൂപയാണ് ഭൂമി വിലയായി നിശ്ചയിച്ചത്. ഇതിനോടൊപ്പം 100 ശതമാനം നഷ്ടപരിഹാരം കൂടി ചേർത്ത് ഒരു സെൻ്റിന് 11 ലക്ഷത്തോളം രൂപ ആകെ നഷ്ടപരിഹാര തുകയായി ലഭിക്കും. ഭൂമി ഏറ്റെടുക്കലിനുള്ള 4(2) വിജ്ഞാപനം പുറപ്പെടുവിച്ച 2024 ഏപ്രിൽ മാസം മുതൽ 12 ശതമാനം പലിശ കണക്കാക്കി, ഈ പലിശ തുക കൂടി നഷ്ടപരിഹാര തുകയോടൊപ്പം നൽകും. കെട്ടിടങ്ങളുടെ നഷ്ടപരിഹാരത്തിനായി 3.4 കോടി രൂപയും, ഫലവൃക്ഷങ്ങളുടെ നഷ്ടപരിഹാരത്തിനായി 20 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമായി 23 ലക്ഷം രൂപയുടെ പാക്കേജും വകയിരുത്തി.
ഏറെ സങ്കീർണ്ണവും സമയമെടുക്കുന്നതുമായ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള നടപടിക്രമങ്ങളിൽ പ്രധാനപ്പെട്ട ഘട്ടമാണ് പൂർത്തിയാക്കിയിരിക്കുന്നത്. സംസ്ഥാനപാത 69ലെ 1.8 കിലോമീറ്റർ വരുന്ന മുണ്ടൂർ – പുറ്റേക്കര ഭാഗത്ത് റോഡിന് വീതി കുറവായതിനാൽ കുപ്പിക്കഴുത്ത് രൂപപ്പെട്ട് അപകടങ്ങൾ പതിവായതോടെ, ഭൂമി ഏറ്റെടുത്ത് റോഡ് നാലുവരിപ്പാതയാക്കി വികസിപ്പിക്കണമെന്ന ആവശ്യം ദീർഘകാലമായി നിലവിലുണ്ടായിരുന്നു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഈ വിഷയം നിയമസഭയിൽ സബ്മിഷൻ ആയി ഉന്നയിക്കുകയും, സ്ഥലം സന്ദർശിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.
നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ എത്തിച്ചേർന്ന ഘട്ടത്തിലാണ് പുതുക്കിയ ഭരണാനുമതി പുറപ്പെടുവിച്ചുക്കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. റീബിൽഡ് കേരള ഇനീഷ്യേറ്റീവിൻ്റെ ഭാഗമായി കെ.എസ്.ടി.പി.യുടെ നേതൃത്വത്തിൽ പുരോഗമിക്കുന്ന തൃശ്ശൂർ – കുറ്റിപ്പുറം സംസ്ഥാനപാത റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായി തന്നെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു.