ബഡ്‌സ് സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു

സംസ്ഥാന സർക്കാരിൻ്റെ 2023-24 വർഷത്തെ ബഡ്ജറ്റിൽ ഒരു കോടി രൂപ അനുവദിച്ച പാഞ്ഞാൾ ബഡ്സ് സ്കൂൾ കെട്ടിടത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം കെ രാധാകൃഷ്ണൻ എം പി നിർവഹിച്ചു.
പാർശ്വവൽക്കരിക്കപ്പെടുന്നവരെ സഹായിക്കുന്നതിനും സമൂഹത്തിൻ്റെ മുൻനിരയിലേക്ക് ഉയർത്തി കൊണ്ടുവരുന്നതിനുമുള്ള സർക്കാരിൻ്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമായി സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി മുൻ ചേലക്കര എം.എൽ.എ.യും മന്ത്രിയുമായിരുന്ന കെ. രാധാകൃഷ്‌ണൻ്റെ നിർദ്ദേശാനുസരണമാണ് ബഡ്‌സ് സ്‌കൂൾ കെട്ടിട നിർമ്മാണത്തിന് ഫണ്ട് അനുവദിച്ചത്. പാഞ്ഞാൾ ഗ്രാമ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ ആണ് സ്കൂളിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
സ്കൂളിൻ്റെ ഭാഗമായി അടുക്കള സ്റ്റോർ, ഫിസിയോ തെറാപ്പി കൺസൾട്ടിങ് റൂം, സെൻസറി റൂം, ക്ലാസ് റൂം, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവ ഉൾപ്പെടെ 186.95 ചതുരശ്ര മീറ്റർ ഏരിയ വരുന്ന ഭാഗമാണ് നിർമ്മാണം നടത്തുന്നതിന് വിഭാവനം ചെയ്തിരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. എം. അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുമരാമത്ത് വിഭാഗം അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സാന്റോ സെബാസ്റ്റ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ചടങ്ങിൽ പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി തങ്കമ്മ , ജില്ല പഞ്ചായത്തംഗം കെ ആർ മായ, പഞ്ചായത്ത് അംഗങ്ങളായ പി. കൃഷ്ണൻകുട്ടി, എ.കെ ഉണ്ണികൃഷ്ണൻ, നിർമ്മല രവികുമാർ, ശ്രീജ രാമചന്ദ്രൻ, കെ വി സതീഷ് കുമാർ, പി എം മുസ്തഫ, അംബിക രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.