രാജ്യത്ത് ഐഫോണ്‍ 17 വിൽപന തുടങ്ങി; വാങ്ങാനായി തിക്കുംതിരക്കും പൊരിഞ്ഞ അടിയും

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ 17 സീരീസ് സ്മാര്‍ട്ട്ഫോണുകളുടെ വില്പന ഇന്ത്യയില്‍ ആരംഭിച്ചു. വില്പനയ്ക്ക് മുന്നോടിയായി നീണ്ട ക്യൂവാണ് ബെംഗളൂരുവിലെയും മുംബൈയിലെയും ദില്ലിയിലെയും ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ ദൃശ്യമായത്. പുലര്‍ച്ച മുതല്‍ ക്യൂ നിന്നാണ് ആപ്പിള്‍ പ്രേമികള്‍ പുത്തന്‍ ഐഫോണുകള്‍ സ്വന്തമാക്കിയത്.
ബെംഗളൂരുവിലെ ഫിനിക്സ് മാളില്‍ പുത്തന്‍ മോഡലുകള്‍ വാങ്ങാന്‍ ഐഫോണ്‍ പ്രേമികള്‍ ടോക്കണുമായി മണിക്കൂറുകള്‍ മുന്നേ നിലയുറപ്പിച്ചിരുന്നു. ഡിസൈനിലടക്കം അപ്ഗ്രേഡുകള്‍ ആപ്പിള്‍ കൊണ്ടുവന്നത് സന്തോഷിപ്പിക്കുന്നു എന്നാണ് ഇന്ത്യയില്‍ വില്പനയുടെ ആദ്യ മണിക്കൂറുകളില്‍ തന്നെ ഐഫോണ്‍ 17 ശ്രേണി സ്മാര്‍ട്ട്ഫോണുകള്‍ കൈക്കലാക്കിയവരുടെ ആദ്യ പ്രതികരണം.
ഐഫോണ്‍ 17 സീരീസില്‍ നാല് സ്മാര്‍ട്ട്ഫോണുകളാണ് ആപ്പിള്‍ പുറത്തിറക്കിയത്. ഐഫോണ്‍ 17, ഐഫോണ്‍ എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ് എന്നിവയാണിത്. ഡിസൈനിലും ബാറ്ററി ശേഷിയിലും ക്യാമറയിലും സ്റ്റോറേജിലും അടക്കം മികച്ച അപ്ഗ്രേഡുകള്‍ ഈ സീരീസില്‍ ആപ്പിള്‍ അവതരിപ്പിച്ചിരുന്നു. വെറും 5.6 മില്ലീമീറ്റര്‍ മാത്രം കട്ടിയുള്ള ഐഫോണ്‍ എയര്‍ ആയിരുന്നു ഈ നിരയിലെ ഏറ്റവും ശ്രദ്ധാകേന്ദ്രം. ചരിത്രത്തിലെ ഏറ്റവും സ്ലിമ്മായ ഐഫോണാണ് പുത്തന്‍ ഐഫോണ്‍ എയര്‍.
മുംബൈയിലെ ബന്ദ കുര്‍ള കോംപ്ലക്സിലെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ നിരവധി പേര് ക്യൂവിൽ നിന്ന് വലിയ തിരക്കും ആയിരുന്നു. ദീര്‍ഘനേരം കാത്തുനിന്ന് ഫോണ്‍ വാങ്ങാനെത്തിയവര്‍ തമ്മില്‍ പൊരിഞ്ഞ അടിയുമുണ്ടായി. ഡല്‍ഹിയിലും സ്റ്റോറുകള്‍ക്ക് പുറത്ത് വലിയ ജനക്കൂട്ടമുണ്ടായിരുന്നു.