വരടിയം കൂവപ്പച്ചിറയും തെക്കേതുരുത്ത് കല്ലുപാലവും നാടിന് സമർപ്പിച്ചു

അവണൂർ ഗ്രാമപഞ്ചായത്തിലെ രണ്ട് പദ്ധതികളുടെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവ്വഹിച്ചു. അവണൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ പൂർത്തീകരിച്ച വരടിയം തെക്കേതുരുത്ത് കല്ലുപാലം, വരടിയം കൂവപ്പച്ചിറ എന്നിവ എം.എൽ.എ നാടിന് സമർപ്പിച്ചു.
ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപയും അവണൂർ ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും വകയിരുത്തിയാണ് വരടിയം തെക്കേതുരുത്ത് കല്ലു പാലത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. ജില്ലാ പഞ്ചായത്ത് പത്ത് ലക്ഷം രൂപയും പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പത്ത് ലക്ഷം രൂപയും അവണൂർ ഗ്രാമപഞ്ചായത്ത് 10,000 രൂപയും വകയിരുത്തിയാണ് കൂവപ്പച്ചിറയുടെ നിർമാണം പൂർത്തീകരിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ലിനി, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എം. ഷാജു, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലക്ഷ്മി സനീഷ്, അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തങ്കമണി ശങ്കുണ്ണി എന്നിവർ വിശിഷ്ടാതിഥികളായി. അവണൂർ ഗ്രാമപഞ്ചായത്ത് അസി. എഞ്ചിനീയർ ആർ. അജിഷ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിന് അവണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഹരിദാസ് സ്വാഗതവും സെക്രട്ടറി വി. ശ്രീകല നന്ദിയും പറഞ്ഞു.