കളക്ടറേറ്റ് പരിസരത്തെ പക്ഷി ശല്യം; ആരോഗ്യവകുപ്പ് ഡയറക്ടർ പരിശോധിക്കും

തൃശൂർ: അയ്യന്തോൾ കളക്ടറേറ്റ് പരിസരത്തെ പക്ഷി ശല്യത്തെക്കുറിച്ചു പരിശോധിക്കുന്നതിനായി ആരോഗ്യമന്ത്രി വീണ ജോർജ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പലവിധ ആവശ്യങ്ങൾക്കായി ഭരണ സിരാകേന്ദ്രമായ കളക്ടറേറ്റിലേക്കും, കോടതികളിലേക്കും വരുന്ന ജനങ്ങൾ, പരിസരത്തെ കച്ചവടക്കാർ, താമസക്കാർ, ഓട്ടോ ടാക്സി ഡ്രൈവർമാർ, ചുമട്ടു തൊഴിലാളികൾ, സർക്കാർ ജീവനക്കാർ, വക്കീൽമാർ തുടങ്ങി ഏവർക്കും ഗുരുതര ആരോഗ്യ പ്രശ്നങൾക്ക് ഇടവരുത്തുന്ന ദേശാടനപക്ഷികളുടെ ഭീഷണിക്ക് ശാശ്വത പരിഹാരം കാണുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് അയ്യന്തോൾ ജനകീയസമിതി ആരോഗ്യമന്ത്രി വീണ ജോർജിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.
ഏതാനം വര്ഷങ്ങളായി സീസൺ (മഴക്കാലം) ആയിക്കഴിഞ്ഞാൽ ആയിരക്കണക്കിന് പക്ഷികൾ കളക്ടറേറ്റിനും, കുട്ടികളുടെ പാർക്കിനും സമീപത്തെ മരച്ചില്ലകളിൽ കൂട്കൂട്ടുകയാണ്. കളക്ടറേറ്റിലേക്ക് നടന്നും, ഇരുചക്ര വാഹനങ്ങളിലും എത്തുന്നവരുടെ ദേഹത്ത് മുഴുവൻ അവയുടെ കാഷ്ഠം വീഴും. പക്ഷികളുടെ ചത്തുചീഞ്ഞ ജഡങ്ങളും വഴിയിൽ നിറയും. മഴതുടങ്ങിയാൽ പരിസരം മുഴുവൻ ദുർഗന്ധം പരക്കും.
പക്ഷികളുടെ കാഷ്ഠത്തിന്റെ പൊടികൾ കാറ്റിൽ വ്യാപിക്കുന്നതും, ശ്വസിക്കുന്നതും പലവിധ രോഗങ്ങൾ പരത്തുന്നതിനു ഇടവരുത്തുമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. പക്ഷികളുടെ കാലമായാൽ കളക്ടറേറ്റിനു സമീപത്തു പോലും ജനങ്ങൾക്ക് പ്രവേശിക്കാൻ കഴിയാത്തവിധം രൂക്ഷമായ ദുർഗന്ധവും, ശല്യവുമാണ് അനുഭവപ്പെടുന്നത്.
സീസൺ കാലത്തു പക്ഷികൾ കൂട്കൂട്ടുന്ന കളക്ടറേറ്റിനു സമീപത്തെ പാഴ്മരങ്ങളുടെ ഏതാനം ചില്ലകൾ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മുറിച്ചു മാറ്റിയിരുന്നെങ്കിലും, ഈ സീസണിലും പക്ഷികളുടെ ശല്യം കുറഞ്ഞിട്ടില്ല.
ഈ വിഷയത്തിൽ വിദഗ്ദ്ധരായവരെക്കൊണ്ട് പഠനംനടത്തി ജില്ലാ ആസ്ഥാനത്തു എത്തുന്ന സാധാരണ ജനങ്ങളുടെയും, പരിസരവാസികളുടെയും ദുരിതം മാറ്റുവാൻ ശാസ്ത്രീയ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആരോഗ്യമന്ത്രിക്ക് അയ്യന്തോൾ ജനകീയ സമിതി നിവേദനം നൽകിയത്.