യുപിഐ പേയ്മെന്റുകള്‍ നടത്താന്‍ പിന് നമ്പര്‍ വേണ്ട
നാഷണല്‍ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, പുതിയ ബയോമെട്രിക് ഒതന്റിക്കേഷൻ സംവിധാനം അവതരിപ്പിച്ചിരിക്കുന്നു, ഇതിലൂടെ യുപിഐ പേയ്മെന്റ് പ്രക്രിയ ലളിതമാക്കുകയും സുരക്ഷിതമാക്കുകയും ചെയ്യുന്നു. ഉപയോക്താക്കള്‍ക്ക് ഇനി പിൻ നമ്പര്‍ ആവശ്യമില്ല, മുഖവും വിരലടയാളവും ഉപയോഗിച്ച് ഒതന്റിക്കേഷൻ ചെയ്യാം.

നാഷണല്‍ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇപ്പോള്‍ യുപിഐ പേയ്മെന്റ് പ്രക്രിയ ലളിതവും കൂടുതല്‍ സുരക്ഷിതവുമാക്കാന്‍ പുതിയ നടപടി. ബയോമെട്രിക് ഒതന്റിക്കേഷൻ ആണ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്.
മുംബൈയില്‍ നടന്ന ഗ്ലോബല്‍ ഫിൻടെക് ഫെസ്റ്റിനിടെയാണ് ബയോമെട്രിക് ഒതന്റിക്കേഷൻ അവതരിപ്പിച്ചത്. ഈ സംവിധാനം അവതരിപ്പിച്ചതോടെ യുപിഐ പേയ്മെന്റുകള്‍ നടത്താൻ ഉപയോക്താക്കള്‍ക്ക് ഇനി പിൻ നമ്പര്‍ നല്‍കേണ്ടിവരില്ല.
2016 ഏപ്രിലില്‍ ആരംഭിച്ചതിനു ശേഷം യുപിഐ ഡിജിറ്റല്‍ പേയ്മെന്റ് സിസ്റ്റത്തിലെ ഏറ്റവും വലിയ സുരക്ഷാ അപ്ഡേറ്റാണിത്. ഉപയോക്താക്കള്‍ക്ക് ഇനി പിൻ കോഡിന് പകരം അവരുടെ മുഖവും വിരലടയാളവും ഉപയോഗിച്ച് ഒതന്റിക്കേഷൻ ചെയ്യാൻ കഴിയും. ബയോമെട്രിക് ഒതന്റിക്കേഷന്‍ യുപിഐ പേയ്മെന്റ് പ്രക്രിയ മുമ്പത്തേക്കാള്‍ വളരെ എളുപ്പമാക്കുമെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ പോസ്റ്റില്‍ എൻപിസിഐ കുറിച്ചു. ആധാറിന് കീഴില്‍ സംഭരിച്ചിരിക്കുന്ന ബയോമെട്രിക് ഡാറ്റ ഉപയോഗിച്ചായിരിക്കും ഇത് നടത്തുക.
2025 സെപ്റ്റംബറില്‍ യുപിഐ പ്ലാറ്റ്ഫോം 19.63 ബില്യണ്‍ ഇടപാടുകള്‍ പ്രോസസ് ചെയ്തു എന്നാണ് നാഷണല്‍ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പറയുന്നത്. 24.9 ട്രില്യണ്‍ ആയിരുന്നു അതിന്റെ മൂല്യം. ഇടപാടുകളുടെ അളവ് പ്രതിമാസം 1.9 ശതമാനം കുറവായിരുന്നു. എന്നാല്‍ പ്രതിവർഷം 31 ശതമാനം കൂടുതലായിരുന്നു. ഓഗസ്റ്റില്‍ യുപിഐ ഇടപാടുകളുടെ മൂല്യം 24.85 ട്രില്യണ്‍ ആയിരുന്നു. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 21 ശതമാനം കൂടുതലാണ്.