കളക്ടറുടെ സന്ദർശനം വഴിയൊരുക്കി: സ്തംഭിച്ചുപോയ അങ്കണവാടിക്ക് പുതുജീവൻ നൽകി
അങ്കണവാടിയുടെ ഭൂരിഭാഗം ജോലികളും പൂർത്തിയായപ്പോൾ മുൻസിഫ് കോടതിയിൽ ഒരു സ്വകാര്യ വ്യക്തി ഫയൽ ചെയ്ത സിവിൽ കേസ് കാരണം അങ്കണവാടിയുടെ….
അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡിലെ 110-ാം നമ്പർ അങ്കണവാടിക്ക് 2023-ൽ പുതിയ കെട്ടിടം അനുവദിക്കുകയും മാർച്ചിൽ നിർമ്മാണം ആരംഭിക്കുകയും ചെയ്തിരുന്നു. അങ്കണവാടിയുടെ ഭൂരിഭാഗം ജോലികളും പൂർത്തിയായപ്പോൾ മുൻസിഫ് കോടതിയിൽ ഒരു സ്വകാര്യ വ്യക്തി ഫയൽ ചെയ്ത സിവിൽ കേസ് കാരണം അങ്കണവാടിയുടെ നിർമ്മാണ പ്രവൃത്തികൾ സ്തംഭിച്ചു. പ്രശ്നം പരിഹരിക്കാൻ പഞ്ചായത്ത് അധികൃതർ നിരവധി തവണ ശ്രമിച്ചങ്കിലും പദ്ധതി പുനരാരംഭിക്കാൻ കഴിഞ്ഞില്ല.
കഴിഞ്ഞ ആഗസ്റ്റിൽ അരിമ്പൂർ പഞ്ചായത്തിലെ ഒരു അങ്കണവാടിയിൽ ‘വാ വായിക്കം’ പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അരിമ്പൂർ പഞ്ചായത്ത് സന്ദർശിച്ചപ്പോൾ പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ വളരെക്കാലമായി നിലനിൽക്കുന്ന അങ്കണവാടിയുടെ പ്രശ്നം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. അന്നുതന്നെ പഞ്ചായത്ത് പ്രസിഡന്റ്, തഹസിൽദാർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരോടൊപ്പം കളക്ടർ സ്ഥലം സന്ദർശിക്കുകയും പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
തുടർന്ന് ബന്ധപ്പെട്ടവരെയെല്ലാം ഉൾപ്പെടുത്തി ഒരു യോഗം വിളിച്ചുചേർത്തു. ലഭ്യമായ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ നിർമ്മാണം പുനരാരംഭിക്കുന്നതിനുള്ള നിർദ്ദേശം നൽകി. ഇപ്പോൾ പ്രവൃത്തികൾ പുനരാരംഭിച്ചു, ഉടൻ തന്നെ ഈ പണികൾ പൂർത്തിയാക്കും. ഇപ്പോൾ വാടക കെട്ടിടത്തിലാണ് ക്ലാസുകൾ നടക്കുന്നത്. നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായാൽ ഉടൻ തന്നെ കുട്ടികളുടെ ക്ലാസ് പുതിയ അങ്കണവാടി കെട്ടിടത്തിലേക്ക് മാറ്റും.