ജനക്ഷേമത്തിനായി എന്തും ചെയ്യാൻ തയ്യാറായ ഭരണാധികാരിയാണ് ഉമ്മൻചാണ്ടി: വി.കെ. ശ്രീകണ്ഠൻ എംപി.
ജനക്ഷേമത്തിന് തടസം സൃഷ്ടിക്കുന്ന ചുവപ്പുനടകൾ ഒഴിവാക്കുന്നത് ഉൾപ്പെടെ എന്തും ചെയ്യാൻ തയ്യാറായ ഭരണാധികാരിയാണ് ഉമ്മൻചാണ്ടിയെന്ന് വി.കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു.
കേരളത്തിൻ്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലാണ് ഉമ്മൻചാണ്ടിയുടെ ഭരണകാലം, ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങളാണ് അദ്ദേഹം നടപ്പിലാക്കിയത്.മനുഷ്യത്വമുള്ള ജനകീയ നേതാവായി നിലകൊണ്ട ഉമ്മൻ ചാണ്ടിയാവാൻ ഒരാൾക്ക് പോലും ഭാവിയിൽ കഴിയില്ല.ജനങ്ങളിലേക്ക് ഇത്രകണ്ട് ആഴത്തിൽ ഇറങ്ങാൻ കഴിഞ്ഞ ഒരാളെ ഈ കാലത്തും, വരും നാളുകളിലും കാണാൻ കിട്ടില്ല. കോൺഗ്രസിലേക്ക് ജനങ്ങളെ അടുപ്പിച്ചത് ഉമ്മൻചാണ്ടിയാണ്, പ്രവർത്തകരും ജനങ്ങളും തമ്മിൽ നിരന്തരമായി അടുപ്പം പുലർത്തി പ്രവർത്തിച്ചാൽ കോൺഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും വി കെ ശ്രീകണ്ഠൻ എംപി കൂട്ടിച്ചേർത്തു.
ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ഡിസിസി ആസ്ഥാനത്ത് പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിനുശേഷം നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീകണ്ഠൻ.
ഉമ്മൻചാണ്ടിയുടെ ഛായ ചിത്രത്തിൽ മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ ദീപം തെളിയിച്ച് അനുസ്മരണ പരിപാടികൾക്ക് തുടക്കം കുറിച്ചു
ഡിസിസി പ്രസിഡണ്ട് അഡ്വ.ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു.മുതിർന്ന മാധ്യമപ്രവർത്തകൻ ജോർജ് പുളിക്കൻ അനുസ്മരണ പ്രഭാഷണം നടത്തി.
മരണം കൊണ്ട് ജീവിതം തിരിച്ചു പിടിച്ചയാളാണ് ഉമ്മൻചാണ്ടിയെന്നും സ്നേഹ രാഷ്ട്രീയത്തിൻ്റെ വക്താവായ ഉമ്മൻചാണ്ടിയുടെ ഏക സമ്പാദ്യം ജനങ്ങളുടെ അചഞ്ചലമായ വിശ്വാസമായിരുന്നുവെന്നും ജോർജ് പുളിക്കൻ അനുസ്മരിച്ചു.
നേതാക്കളായ തേറമ്പിൽ രാമകൃഷ്ണൻ, ഒ. അബ്ദുറഹ്മാൻകുട്ടി, എംപി വിൻസെൻ്റ്, ജോസ് വള്ളൂർ, ടിവി ചന്ദ്രമോഹൻ, രാജേന്ദ്രൻ അരങ്ങത്ത്, ഷാജി കോടങ്കണ്ടത്ത്, ജോൺ ഡാനിയേൽ, തുടങ്ങിയവർ പങ്കെടുത്തു.