ഓണത്തിനുള്ള അരിവിഹിതം നിഷേധിച്ച കേന്ദ്രത്തിനെതിരെ സിപിഐ ജനകീയപ്രതിഷേധം ജൂലൈ 30ന്

തൃശൂര്‍:- ഓണക്കാലത്ത് കേരളത്തിന് ലഭിക്കേണ്ട അര്‍ഹമായ അരിവിഹിതവും ഗോതമ്പ് വിഹിതവും നിഷേധിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ ജൂലൈ 30ന് തൃശൂര്‍ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പ്രാദേശിക കേന്ദ്രങ്ങളില്‍ ജനകീയ പ്രതിഷേധസമരം സംഘടിപ്പിക്കുന്നതിന് സിപിഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ഓണക്കാലത്ത് കേരളത്തിലെ മുന്‍ഗണനേതര വിഭാഗം കുടുംബങ്ങള്‍ക്ക് അഞ്ചുകിലോ അരിവീതം ടൈഡ് ഓവര്‍ നിരക്കായ 8.30 രൂപയ്ക്ക് ലഭ്യമാക്കണമെന്നും ഗോതമ്പിന്റെ ടൈഡ് ഓവര്‍ വിഹിതം പുനഃസ്ഥാപിക്കണമെന്നും മന്ത്രി ജി ആര് അനില്‍, പി സന്തോഷ്കുമാര്‍ എംപി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിട്ടും സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കുകപോലും ചെയ്യാതെ അന്നുതന്നെ വാര്‍ത്താസമ്മേളനം നടത്തി ഈ ആവശ്യങ്ങള്‍ നിരസിക്കുന്ന സമീപനമാണ് കേന്ദ്രമന്ത്രി സ്വീകരിച്ചത്. കേരളത്തിലെ ജനങ്ങള്‍ക്ക് അര്‍ഹമായ അരിവിഹിതവും ഗോതമ്പ് വിഹിതവും നിഷേധിക്കുകയും അതുവഴി ജനങ്ങളുടെ പ്രതിഷേധം സംസ്ഥാന സര്‍ക്കാരിനെതിരെ തിരിച്ചുവിടുകയും ചെയ്യുന്നതിനുള്ള ഗൂഢനീക്കമാണ് ഇതിനു പിന്നിലുള്ളത്.
ഈ സാഹചര്യത്തിലാണ് സിപിഐ പ്രത്യക്ഷസമരം നടത്തുന്നതിന് സിപിഐ തീരുമാനിച്ചത്. എല്ലാ മണ്ഡലങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട പ്രാദേശിക കേന്ദ്രങ്ങളില്‍ ജനകീയപ്രതിഷേധം സംഘടിപ്പിക്കും. സിപിഐ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ കെ. കെ വത്സരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. ജി ശിവാനന്ദന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദേശീയ എക്സി.അംഗം കെ പി രാജേന്ദ്രന്, സംസ്ഥാന എക്സി.അംഗം സി എന്‍ ജയദേവന് തുടങ്ങിയവര്‍ സംസാരിച്ചു.