പടികള്‍ കയറി വലയേണ്ട, കോര്‍പറേഷനില്‍ ലിഫ്റ്റായി

Lift

തൃശൂർ: പടികള്‍ കയറി വലയേണ്ട, കോർപറേഷനില്‍ എത്തുന്നവർക്ക് ഇനി ലിഫ്റ്റില്‍ നിലകള്‍ കയറിയിറങ്ങാം.
ഭിന്നശേഷിക്കാർക്കും വയോധികർക്കും ആശ്വാസംപകർന്നുകൊണ്ട്, അരനൂറ്റാണ്ടു പിന്നിട്ട കോർപറേഷന്‍റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ലിഫ്റ്റ് സംവിധാനം ഒരുക്കുന്നത്.
ഉദ്ഘാടനത്തിനു കാത്തുനില്‍ക്കാതെ പൊതുജനങ്ങള്‍ക്കായി ലിഫ്റ്റ് തുറന്നുനല്‍കി. ഒരേസമയം 13 പേർക്കു കയറാൻ കഴിയുന്ന ലിഫ്റ്റില്‍ ഭിന്നശേഷിക്കാർക്കുള്‍പ്പെടെ കയറാൻ റാന്പ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഒരുകോടിയോളം രൂപ ചെലവഴിച്ചാണ് കോർപറേഷൻ എൻജിനീയറിംഗ് കെട്ടിടത്തില്‍ ലിഫ്റ്റ് നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. തൊഴിലുറപ്പുപദ്ധതിയുടെയും എൻജിനീയറിംഗ് വിഭാഗത്തിന്‍റെയും കുടുംബശ്രീയുടെയും എൻയുഎല്‍എമ്മിന്‍റെയും ഉള്‍പ്പെടെ വിവിധ ഓഫീസുകള്‍ പ്രവർത്തിക്കുന്ന കെട്ടിടത്തില്‍ ഭിന്നശേഷിക്കാർക്കും വയോധികർക്കും സേവനങ്ങള്‍ ലഭിക്കുന്നതിനായി പടികള്‍ കയറിയിറങ്ങേണ്ടിവരുന്നത് ദുരിതമായിരുന്നു. ഇതിനാണ് ലിഫ്റ്റ് വന്നതോടെ പരിഹാരമായത്.
2022-23 കാലഘട്ടത്തിലാണ് ലിഫ്റ്റ് നിർമാണം ആരംഭിച്ചത്. എന്നാല്‍ പഴയ കെട്ടിടമായതിനാല്‍തന്നെ ഇലക്‌ട്രിക്കല്‍ സംവിധാനം അടക്കമുള്ളവയ്ക്ക് അനുമതി ലഭിക്കാനുണ്ടായ കാലതാമസമാണ് നിർമാണം വൈകിച്ചതെന്ന് എൻജിനീയറിംഗ് വിഭാഗം പറയുന്നു.
ലിഫ്റ്റിന്‍റെ ഉദ്ഘാടനം ഉടൻതന്നെ നടത്തുമെന്നും ജനങ്ങളുടെ ബുദ്ധിമുട്ടിനു പരഹാരം കാണുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും മേയർ എം.കെ. വർഗീസ് പറഞ്ഞു.

error: Content is protected !!