‘നിറ’ യിൽ 62 ഏക്കറിൽ ഔഷധസസ്യ കൃഷി

ആലത്തൂർ: മണ്ഡലത്തിലെ അഭിമാന പദ്ധതി ‘നിറ’ യിൽ 62 ഏക്കറിൽ ഔഷധസസ്യ കൃഷി ഒരുക്കും. കിഴക്കഞ്ചേരി, വണ്ടാഴി, മേലാർകോട്, ആലത്തൂർ, എരിമയൂർ, തേങ്കുറിശ്ശി, കുഴൽമന്ദം പഞ്ചായത്തുകളിലാണ് കൃഷിയിറക്കുക. കുറുന്തോട്ടി, നെല്ലി, അശോകം, ചെത്തി, കൊടുവേലി, ശതാവരി, ചിറ്റരത്ത, കാട്ടുപനിക്കൂർക്ക, തിപ്പലി, കറ്റാർവാഴ, ആടലോടകം, എന്നിവയാണ് നട്ടുപിടിപ്പിക്കുക. കൃഷിവകുപ്പ്, ഹോർട്ടി കൾച്ചർ മിഷൻ ഫണ്ടുകൾ വിനിയോഗിച്ചാണ് തോട്ടങ്ങൾ ഒരുക്കുന്നത്.
മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി കുറുന്തോട്ടി തൈകളും, ആലത്തൂർ കോപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി മറ്റു ഔഷധസസ്യങ്ങളും ഉപകരണങ്ങളും ജൈവവളങ്ങളും നൽകും. തൊഴിലുറപ്പ് തൊഴിലാളികൾ നിലമൊരുക്കും. മരുന്നിന് പാകമാകുന്നവ ആലത്തൂർ കോപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി സംഭരിച്ച് അംഗീകൃത ഏജൻസികൾ വഴി വിൽക്കും. വലിയ വരുമാനം നേടിക്കൊടുക്കും എന്നാണ് പദ്ധതി.
ഹരിത മിത്ര സൊസൈറ്റി നേതൃത്വത്തിൽ രൂപീകരിച്ച കർഷക ക്ലസ്റ്ററുകൾ, കൃഷിക്കൂട്ടങ്ങൾ വഴിയാണ് കർഷകരെ തിരഞ്ഞെടുത്തത്. ഇവർക്കുള്ള പരിശീലനം പൂർത്തിയാക്കി. സംസ്ഥാന ഔഷധസസ്യ ബോർഡ്, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് എന്നിവർ പദ്ധതി നിരീക്ഷിച്ച് മാർഗ നിർദ്ദേശം നൽകും. പദ്ധതിയുടെ ഉദ്ഘാടനം വണ്ടാഴിയിലെ ശ്രീനിവാസന്റെ കൃഷിയിടത്തിൽ കെ.ഡി പ്രസേനൻ എം.എൽ.എ നിർവഹിച്ചു.