അമേരിക്കൻ ഗുസ്തി ഇതിഹാസം ഹൾക്ക് ഹോഗൻ അന്തരിച്ചുഡബ്ല്യു.ഡബ്ല്യു.ഇയിലെ ജനപ്രിയൻ

ഫ്ലോറിഡ: ഇതിഹാസ അമേരിക്കൻ പ്രഫഷനൽ ഗുസ്തി താരവും നടനുമായ ഹൾക്ക് ഹോഗൻ (77) അന്തരിച്ചു. ഫ്ലോറിഡയിലെ വീട്ടിൽവെച്ച് ഹൃദയാഘാതമുണ്ടായ ഹോഗനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടെറി ജീൻ ബോളിയ എന്നാണ് യഥാർഥ പേര്. റിങ്ങിൽ ഹൾക്ക് ഹോഗൻ എന്ന് അറിയപ്പെട്ട അദ്ദേഹം ഈ പേരിലാണ് പ്രശസ്തനായത്. 1953 ആഗസ്റ്റ് 11നായിരുന്നു ഹൾക്കിന്റെ ജനനം. 1977ൽ ഗുസ്തി കരിയർ തുടങ്ങി 1980കളിൽ അമേരിക്കൻ പ്രഫഷനൽ ഗുസ്തിയിലെ ഐക്കണായി അദ്ദേഹം മാറി. 1990കളുടെ തുടക്കം വരെ വേൾഡ് റെസ്ലിങ് എന്റർടെയിന്മെന്റിൽ (ഡബ്ല്യൂ.ഡബ്ല്യ.ഇ) ആണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഡബ്ല്യൂ.ഡബ്ല്യ.ഇ പിന്നീട് റെസ്ലിങ് ഫെഡറേഷനായി. ആറ് തവണ ഡബ്ല്യൂ.ഡബ്ല്യ.ഇ ചാമ്പ്യനായിരുന്നു. 2005 ഡബ്ല്യൂ.ഡബ്ല്യ.ഇ ഹാൾ ഓഫ് ഫെയിമിൽ ഇടം നേടി. ഒട്ടേറ ചാമ്പ്യൻഷിപ്പുകൾ സ്വന്തമാക്കി. 2012 ൽ ഔദ്യോഗികമായി വിരമിച്ചെങ്കിലും പ്രഫഷനൽ മത്സരങ്ങളിൽ ഹോഗൻ തുടർന്നും സജീവ പങ്കാളിയായിരുന്നു. നിരവധി സിനിമകളിൽ അഭിനയിച്ച ഹോളിവുഡ് ഹോഗൻ എന്നും അറിയപ്പെട്ടു. ആഴ്ചകള്‍ക്ക് മുമ്പാണ് ഹോഗന്റെ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞത്. ശസ്ത്രക്രിയ്ക്കുശേഷം സുഖംപ്രാപിച്ചുവരുകയാണെന്ന് കുടുംബം അറിയിച്ചിരുന്നു. ഇടക്ക് അദ്ദേഹം മരണക്കിടക്കയിലാണെന്നും വാർത്തകൾ വന്നു.