തദ്ദേശ വോട്ടർപട്ടിക: പേര് ചേർക്കാൻ ഇനി 10 ദിവസം മാത്രം; തീയതി നീട്ടണമെന്ന ആവശ്യം ശക്തം 

voter id

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടികയില്‍ പേര് ചേർക്കുന്നതിനും നീക്കംചെയ്യുന്നതിനും തിരുത്തല്‍വരുത്തുന്നതിനും ഇനി ശേഷിക്കുന്നത് 10 ദിവസം മാത്രം. വോട്ടർപട്ടികയില്‍ വ്യാപക ക്രമക്കേടുള്ളതിനാല്‍ ഈ ദിവസത്തിനുള്ളില്‍ തെറ്റുതിരുത്തലും പുതിയ വോട്ടർമാരെ ചേർക്കലും എളുപ്പമാകില്ല. അവസാന തീയതിയായ ഓഗസ്റ്റ് ഏഴിന് മുമ്പ്  ഈ പ്രവൃത്തികള്‍ പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് രാഷ്ട്രീയപാർട്ടികളുടെ വിലയിരുത്തല്‍.

ഈമാസം 23നാണ് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. രാത്രി വൈകിയാണ് പലയിടത്തും പട്ടിക ലഭ്യമായത്. ചിലയിടങ്ങളില്‍ രണ്ടുദിവസം കഴിഞ്ഞാണ് പട്ടികയുടെ പകർപ്പ് രാഷ്ട്രീയപാർട്ടികള്‍ക്ക് ലഭിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടർപട്ടികയിലുള്ള 10 ലക്ഷത്തോളം വോട്ടുകള്‍ തദ്ദേശസ്ഥാപന വോട്ടർപട്ടികയില്‍ കുറവാണ്.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് സൈറ്റ് വഴിയാണ് പേരുകള്‍ കൂട്ടിച്ചേർക്കേണ്ടതും ആക്ഷേപങ്ങള്‍ സമർപ്പിക്കേണ്ടതും. എന്നാല്‍, മരിച്ചുപോകുകയോ സ്ഥലംമാറിപ്പോകുകയോ ചെയ്ത വോട്ടർമാരെ നീക്കംചെയ്യേണ്ട സൈറ്റിലെ അഞ്ചാം നമ്പർ  കോളം പ്രവർത്തിക്കുന്നില്ലെന്ന് പരാതിയുണ്ട്. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും കമ്മിഷൻ ഒഴിഞ്ഞുമാറുകയാണെന്ന് ആക്ഷേപമുണ്ട്.

പേര് ഉള്‍പ്പെടുത്താൻ ഫോം നാലിലാണ് അപേക്ഷിക്കേണ്ടത്. നീക്കംചെയ്യുന്നതിന് ഫോം അഞ്ചും തിരുത്തല്‍വരുത്തുന്നതിന് ഫോം ആറും മറ്റൊരു വാർഡിലേക്കോ പോളിങ് സ്റ്റേഷനിലേക്കോ സ്ഥാനമാറ്റം വരുത്തുന്നതിന് ഫോം ഏഴുമാണ് ഉപയോഗിക്കേണ്ടത്. വെബ്സൈറ്റില്‍ പേര് ഉള്‍പ്പെടുത്താനുള്ള കോളം ലഭിക്കുന്നുണ്ടെങ്കിലും മറ്റ് കോളങ്ങള്‍ പലപ്പോഴും പ്രവർത്തിക്കുന്നില്ലെന്നാണ് പരാതി. വോട്ടർപട്ടികയെ കുറിച്ച്‌ വ്യാപക പരാതി ഉയർന്നതിനാല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ സ്വമേധയാ തിരുത്തല്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

ഭൂമിശാസ്ത്രപരമായ അതിരുകള്‍ പരിഗണിക്കാതെ വിദൂര വാർഡുകളിലേക്ക് വോട്ടർമാരെ കൂട്ടത്തോടെ മാറ്റിയതാണ് പരാതിക്ക് ഇടയാക്കിയത്. വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കിയതും മരിച്ചവർ പട്ടികയില്‍ ഇടംപിടിച്ചതുമടക്കം നിരവധി ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

വാർഡ് വിഭജനത്തിന്റെ അന്തിമ വിജ്ഞാപന പ്രകാരമുള്ള അതിരുകള്‍ പരിഗണിച്ചാണ് വോട്ടർപട്ടിക തയാറാക്കിയതെന്നാണ് കമ്മിഷൻ വ്യക്തമാക്കിയത്. എന്നാല്‍, ഇത് പലയിടത്തും ലംഘിക്കപ്പെട്ടതായി പ്രതിപക്ഷ പാർട്ടികള്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള അസസ്മെന്റ് രജിസ്റ്ററിലെ വീട്ടുനമ്പർ  പ്രകാരമാണ് വോട്ടർപട്ടിക പുനഃക്രമീകരിച്ചത്.

എന്നാല്‍, പലരുടെയും പഴയ വീട്ടു നമ്പറുകളാണ്  പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതുമൂലം വോട്ടുകള്‍ തെറ്റായി പല വാർഡുകളിലേക്കായി മാറിയിട്ടുണ്ട്. ഇവ പരിഹരിക്കുന്നതിന് ഫോറം ഏഴില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കുകയെന്നത് പ്രായോഗികമല്ലെന്നും രാഷ്ട്രീയ പാർട്ടികള്‍ ചൂണ്ടിക്കാട്ടുന്നു. അന്തിമ വിജ്ഞാപനത്തിലെ അതിരുകള്‍ പരിഗണിച്ച്‌, വാർഡിന് പുറത്തുള്ള വോട്ടർമാരെ യഥാർഥ വാർഡിലേക്ക് മാറ്റുന്നതിന് നേരിട്ട് അപേക്ഷ സ്വീകരിക്കുന്നതിന് സംവിധാനമുണ്ടാകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

error: Content is protected !!