അരിവിഹിതം നിഷേധിച്ചത് കേന്ദ്ര സർക്കാരിൻ്റെ പ്രതികാര നടപടി

കെ ജി ശിവാനന്ദൻജില്ലയിൽ 100 കേന്ദ്രങ്ങളിൽ സിപിഐ ജനകീയപ്രതിഷേധം

CPI 2

തൃശൂര്‍:- ഓണക്കാലത്ത് കേരളത്തിന് ലഭിക്കേണ്ട അര്‍ഹമായ അരി – ഗോതമ്പ് വിഹിതം നിഷേധിച്ചതിലൂടെ കേന്ദ്ര സര്‍ക്കാർ കേരള ജനതയോട് പ്രതികാരം ചെയ്യുകയാണെന്ന് സി പി ഐ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ പറഞ്ഞു. സി പി ഐ ജില്ലാ കൗൺസിലിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ പ്രാദേശിക കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ ധർണ്ണ വെള്ളാങ്ങല്ലൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തികമായും രാഷ്ട്രീയമായും മറ്റെല്ലാത്തരത്തിലും കേരളത്തെ ഉപരോധത്തിലാക്കാനും അതിലൂടെ സംസ്ഥാന സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാനുമുള്ള വിലകുറഞ്ഞ രാഷ്ട്രീയ നീക്കമാണ് ബി ജെ പി നടത്തുന്നത്. പ്രബുദ്ധരായ കേരളജനത ഒന്നും പെട്ടെന്ന് മറക്കുന്നവരല്ല. 2014 ൽ കേന്ദ്രത്തിൽ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ബി ജെ പി സർക്കാർ അധികാരമേറ്റതു മുതൽ കേരളത്തെ ഞെരുക്കുന്നത് പതിവാക്കിയിരിക്കുന്നു. ഔദാര്യമല്ല അവകാശമാണ് കേരളം ചോദിക്കുന്നത്. പാവപ്പെട്ട ജനങ്ങളുടെ അവകാശമാണ് റേഷൻ അരിയും ഗോതമ്പും മറ്റു ഭക്ഷ്യവസ്തുക്കളും. അർഹമായ വിഹിതം നൽകാതിരിക്കുക മാത്രമല്ല, സംസ്ഥാന സർക്കാരിൻ്റെ പ്രതിനിധി സംഘം നിവേദനം നൽകിയതിൻ്റെ തൊട്ടടുത്ത നിമിഷം തന്നെ വാർത്താസമ്മേളനം നടത്തി കേരളജനതയെ അവഹേളിക്കുക കൂടിയാണ് കേന്ദ്ര ഭക്ഷ്യ- പൊതുവിതരണ മന്ത്രി ചെയ്തത്. ഓണക്കാലത്ത് കേരളജനതയെ പട്ടിണിയിലാക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കത്തിനെതിരെ ശക്തമായ സമരനിര ഉയർന്നുവരണമെന്നും ജനകീയ പ്രക്ഷോഭത്തിൻ്റെ മുൻനിരയിൽ സി പി ഐ ഉണ്ടായിരിക്കുമെന്നും സി പി ഐ ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തു. ലോക്കൽ സെക്രട്ടറി സുരേഷ് പണിക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു.

പാർട്ടി സംസ്ഥാന എക്സി. അംഗം സി എൻ ജയദേവൻ മണലൂരിലും സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ കെ വത്സരാജ് ഗുരുവായൂരിലും അഡ്വ. വി എസ് സുനിൽ കുമാർ താന്ന്യം തെക്കും അഡ്വ. ടി ആർ രമേഷ് കുമാർ കോടന്നൂരിലും പി ബാലചന്ദ്രൻ എം എൽ എ ഒല്ലൂക്കരയിലും വി എസ് പ്രിൻസ് ആമ്പല്ലൂരിലും കെ പി സന്ദീപ് അന്തിക്കാട് കിഴക്കും ഷീല വിജയകുമാർ ചാഴൂരിലും രാഗേഷ് കണിയാംപറമ്പിൽ വെങ്കിടങ്ങിലും ജില്ലാ കൗൺസിൽ അംഗം അഡ്വ. വി ആർ സുനിൽ കുമാർ എം എൽ എ കൊടുങ്ങല്ലൂരിലും കെ എസ് ജയ പടിയൂർ നോർത്തിലും ജനകീയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും 100 പ്രാദേശിക കേന്ദ്രങ്ങളില്‍ പന്തംകൊളുത്തി പ്രകടനവും ജനകീയ പ്രതിഷേധ ധർണ്ണയും നടന്നു.

error: Content is protected !!