കൊരട്ടി ഗാന്ധിഗ്രാം ഗവ. ത്വക്ക് രോഗാശുപത്രിയിലെ പുതിയ ഐ.പി കെട്ടിടം മന്ത്രി വീണാ ജോർജ്ജ് നാടിന് സമർപ്പിച്ചു

കൊരട്ടിയിലെ ഗാന്ധിഗ്രാം സർക്കാർ ത്വക്ക് രോഗാശുപത്രിയിൽ 17 കോടി നബാർഡ് ഫണ്ട് ഉപയോഗപ്പെടുത്തി നിർമ്മിച്ച പുതിയ ഐ.പി കെട്ടിടത്തിന്റെയും 2.5 കോടി എൻ.എച്ച്.എം ഫണ്ട് ഉപയോഗപ്പെടുത്തി നിർമ്മിച്ച റീജിയണൽ ട്രെയിനിംങ്ങ് സെന്റർ ഹോസ്റ്റലിന്റെയും ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവ്വഹിച്ചു.
കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തെ ഏറ്റവും മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
ഗാന്ധിഗ്രാം ഗവ. ത്വക് രോഗാശുപത്രിയിൽ പുരുഷന്മാർക്കായി 4693 ചതുരശ്ര മീറ്ററിലുള്ള കെട്ടിടത്തിൽ ആറ് വാർഡുകളിലായി 132 ബെഡുകളും ഓരോ വാർഡ് മുറികളോടും ചേർന്ന് ഓരോ നടുമുറ്റവും കെട്ടിടത്തിൻ്റെ നടുക്കായി ഒരു അസ്സംബ്ലി പോയിൻ്റും വൃത്താകൃതിയിൽ നിർമ്മിച്ചിട്ടുണ്ട്. ഈ കെട്ടിടത്തിൽതന്നെ ഓപ്പറേഷൻ തിയേറ്റർ, നഴ്സിംഗ് റൂം, ഡോക്ടേഴ്സ് റൂം, കിച്ചൺ, ഡയ്നിങ് ഹാൾ, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റുകൾ, റിസെപ്ഷൻ കൗണ്ടർ, പ്ലംബിങ്ങ് സംവിധാനങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
സ്ത്രീകൾക്കുള്ള 1470 ചതുരശ്ര മീറ്റർ കെട്ടിടത്തിൽ മൂന്നു വാർഡ് മുറികളിലായി 42 ബെഡുകളും, പ്രൊസീജിയർ റൂം, ഓപ്പറേഷൻ തിയേറ്റർ, നഴ്സിങ് റൂം, ഡോക്ടേഴ്സ് റൂം, കിച്ചൺ, ഡൈനിംഗ് ഹാൾ, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റുകൾ, നടുമുറ്റം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ദീർഘകാല പരിചരണവും ശുശ്രൂഷയും ആവശ്യമുള്ള രോഗത്തിനുള്ള ചികിത്സ നടത്തുന്ന കേന്ദ്രമായതിനാൽ ആശുപത്രി എന്ന അന്തരീക്ഷത്തിൽ നിന്നും മാറ്റം വരുത്തിയാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
ചടങ്ങിൽ എം.എൽ.എ സനീഷ് കുമാർ ജോസഫ് അധ്യക്ഷത വഹിച്ചു. പി.ഡബ്യു.ഡി കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയർ ടി.കെ സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്കായി സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ സി.എസ്.ആർ ഫണ്ടിൽ നിന്നും ലഭ്യമായ 10 ലക്ഷം രൂപയുടെ ചെക്ക് ഡയറക്ടർ ബോർഡ് അംഗം ബെന്നി പി. തോമസിൽ നിന്നും മന്ത്രി ഏറ്റുവാങ്ങി. ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളിയായവരെ ചടങ്ങിൽ മൊമെൻ്റോ നൽകി അദരിച്ചു.
ചടങ്ങിന് ഡി.എം.ഒ ഡോ. ടി.പി ശ്രീദേവി സ്വാഗതവും കൊരട്ടി ഗാന്ധിഗ്രാം സർക്കാർ ത്വക്ക് രോഗാശുപത്രി സൂപ്രണ്ട് ഡോ. കെ. സ്നേഹജ നന്ദിയും പറഞ്ഞു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വേണു കണ്ഠരു കണ്ഠരുമഠത്തിൽ, കൊരട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.സി ബിജു, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ റീന, ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.